---
title: "സഖാക്കളെ സിപിഐഎം കബളിപ്പിക്കുന്നു; 'വിശാല കമ്മിറ്റിയല്ല, വിശാല ബുദ്ധി': തുറന്നടിച്ച് മനു തോമസ്"
english_title: "Manu Thomas Criticizes CPIM State Committee and Pinarayi Vijayan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/382684/ manu-thomas-criticizes-cpim-state-committee-pinarayi-vijayan"
published_at: "2026-09-15T10:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6aa8cf69a4f38_aa.jpeg"
keywords: ["kannur", "Pinarayi Vijayan", "MV Govindan", "CPIM State Committee", "Kerala Politics"]
---

# സഖാക്കളെ സിപിഐഎം കബളിപ്പിക്കുന്നു; 'വിശാല കമ്മിറ്റിയല്ല, വിശാല ബുദ്ധി': തുറന്നടിച്ച് മനു തോമസ്

> **Lead Summary:** **കണ്ണൂർ**: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷമായ വിമർശനവുമായി ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസ് വീണ്ടും രംഗത്ത്. കേരളത്തിലെ സാധാരണക്കാരായ സഖാക്കളെ പാർട്ടി നേതൃത്വം കബളിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിയിൽ അടിസ്ഥാനപരമായി തിരുത്തപ്പെടേണ്ട കാര്യങ്ങളൊന്നും മാറ്റാൻ നിലവിലെ നേതൃത്വം തയ്യാറാകുന്നില്ല.

## Article Content

**കണ്ണൂർ**: സിപിഐഎം വിപുലീകൃത സംസ്ഥാന കമ്മിറ്റിക്കെതിരെ രൂക്ഷമായ വിമർശനവുമായി ഡിവൈഎഫ്ഐ മുൻ നേതാവ് മനു തോമസ് വീണ്ടും രംഗത്ത്. കേരളത്തിലെ സാധാരണക്കാരായ സഖാക്കളെ പാർട്ടി നേതൃത്വം കബളിപ്പിക്കുകയാണെന്ന് അദ്ദേഹം ആരോപിച്ചു. പാർട്ടിയിൽ അടിസ്ഥാനപരമായി തിരുത്തപ്പെടേണ്ട കാര്യങ്ങളൊന്നും മാറ്റാൻ നിലവിലെ നേതൃത്വം തയ്യാറാകുന്നില്ല.

ഇത് ഒരു 'വിശാല കമ്മിറ്റി' അല്ലെന്നും അണികളെ പറ്റിക്കാനുള്ള 'വിശാല ബുദ്ധി' മാത്രമാണെന്നും മനു തോമസ് പരിഹസിച്ചു. പാർട്ടി കമ്മിറ്റികളുടെ അധികാരത്തെക്കുറിച്ചും രീതികളെക്കുറിച്ചും സാമാന്യ ബോധ്യമുള്ള സഖാക്കൾക്ക് നേതൃത്വത്തിന്റെ ഈ അടവുകൾ വ്യക്തമായി മനസ്സിലാകുന്നുണ്ട്.

അവിടെ പ്രത്യേകിച്ചും വലിയ ചർച്ചകളോ തീരുമാനങ്ങളോ നടക്കുന്നില്ലെന്നാണ് അറിയാൻ കഴിയുന്നത്. സമ്മേളനത്തിൽ അവതരിപ്പിച്ച കരട് റിപ്പോർട്ടിൽ യാതൊരുവിധ സ്വയംവിമർശനവും ഉൾപ്പെടുത്തിയിട്ടില്ല. അടുത്തിടെയുണ്ടായ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ പൂർണ്ണ ഉത്തരവാദിത്തം മുഖ്യമന്ത്രി പിണറായി വിജയനാണ്. അദ്ദേഹത്തിന്റെ നയങ്ങളും തെറ്റായ സ്ഥാനാർത്ഥി നിർണ്ണയവുമാണ് പരാജയത്തിന് വഴിതെളിച്ചത്. സ്ഥാനാർത്ഥി നിർണ്ണയത്തിൽ പ്രധാന പങ്കുവഹിച്ചത് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനുമാണ്. പരാജയത്തിൽ നിന്ന് പാഠമുൾക്കൊണ്ട് തിരുത്തൽ വരുത്താനുള്ള യാതൊരു ചർച്ചയും ഇവിടെ നടക്കുന്നില്ല.

പിണറായി വിജയനെ കടന്നാക്രമിക്കാൻ കേന്ദ്ര ഏജൻസിയായ ഇ.ഡി വരുമ്പോൾ പാർട്ടി ദുർബ്ബലപ്പെടാൻ പാടില്ലെന്നാണ് അണികളോട് ആഹ്വാനം ചെയ്യുന്നത്. പിണറായിക്കെതിരെ കേസ് വന്നാൽ പാർട്ടി ദുർബ്ബലപ്പെടും എന്ന തരത്തിലുള്ള സന്ദേശമാണ് ഇതിലൂടെ നൽകുന്നത്.

ചുരുക്കത്തിൽ, പാർട്ടി മുഴുവൻ പിണറായി വിജയന് ഒപ്പം നിലയുറപ്പിക്കണമെന്ന സന്ദേശം നൽകാനും അദ്ദേഹത്തെ സംരക്ഷിക്കാനും മാത്രമാണ് ഈ സമ്മേളനം ഉപയോഗിക്കുന്നത്. അല്ലാതെ ജനങ്ങൾ ആഗ്രഹിക്കുന്ന തരത്തിലുള്ള ഒരു തിരുത്തലും ഇവിടെ സംഭവിക്കുന്നില്ല.

നിലവിൽ പാർട്ടി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി, ഒന്നോ രണ്ടോ വ്യക്തികൾ മാത്രം പ്രസ്ഥാനത്തെ പൂർണ്ണമായി നയിക്കുന്നു എന്നതാണ്. നേതൃത്വത്തിൽ ഇരിക്കുന്നയാൾ എന്ത് തെറ്റ് ചെയ്താലും അത് ചൂണ്ടിക്കാണിക്കാനോ തിരുത്താനോ ശേഷിയുള്ള വ്യക്തികൾ ഇന്നത്തെ സംസ്ഥാന സെക്രട്ടേറിയറ്റിൽ ഇല്ല.

മറുവാക്ക് പറയാൻ ശേഷിയില്ലാത്ത നേതാക്കളെയാണ് അവിടെ തിരഞ്ഞെടുത്തിരിക്കുന്നത്. ചരിത്രത്തിൽ ഇ.എം.എസും ലെനിനും വരെ തെറ്റുകൾ തിരുത്തി മുന്നോട്ട് പോയിട്ടുണ്ട്. എന്നാൽ എന്തുകൊണ്ടാണ് പിണറായി വിജയനും എം.വി. ഗോവിന്ദനും സ്വന്തം തെറ്റുകൾ തിരുത്താൻ തയ്യാറാകാത്തതെന്നും മനു തോമസ് ചോദിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/382684/ manu-thomas-criticizes-cpim-state-committee-pinarayi-vijayan)